സാമ്പത്തിക തട്ടിപ്പ്; വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു

സ്ഥാപനത്തിൽ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകൻ ഹരജി നൽകിയത്.

Update: 2020-08-28 08:00 GMT

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് കോന്നി വകയാാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു. നിക്ഷേപകനായ അടൂർ സ്വദേശി സുരേഷ് കെ വി നൽകിയ ഹരജി പരിഗണിച്ച് സബ് കോടതിയുടേതാണ് നടപടി. ഹരജി തീർപ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാനാവില്ല.വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് 2000 കോടി രൂപ നിക്ഷേപകരിൽനിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലിസിൻ്റെ പ്രാഥമിക കണക്കുകൂട്ടൽ.

സ്ഥാപനത്തിൽ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകൻ ഹജി നൽകിയത്. തുടർന്നാണ് കോടതി നടപടി. ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ ഒളിവിൽ പോയി. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പോലിസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലിസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പോലിസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു. 

Tags:    

Similar News