വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ ബസ് പോലിസ് കസ്റ്റഡിയില്‍ എടുത്തു; 10,000 രൂപ പിഴ

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം.

Update: 2022-10-07 09:36 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി. തലശ്ശേരി ആര്‍ ടി ഒ പതിനായിരം രൂപ പിഴയും ചുമത്തി.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടുന്ന സമയത്തു മാത്രമാണ് വിദ്യാര്‍ഥികളെ കയറാന്‍ അനുവദിച്ചത്.

ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.