മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന 300 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

ഉള്ളി കയറ്റിക്കൊണ്ടുവന്ന കെഎല്‍-10 എപി-3484 നമ്പര്‍ ലോറിയില്‍ ഒളിപ്പിച്ച നിലയിലാണ് എട്ടുചാക്കുകളിലായി കഞ്ചാവെത്തിച്ചത്. ലോറിക്ക് അകമ്പടി പോവുകയായിരുന്ന എംഎച്ച്-12 കെഎന്‍- 9226 നമ്പര്‍ ഇന്നോവ വാഹനവും പോലിസ് പിടിച്ചെടുത്തു.

Update: 2020-09-24 13:19 GMT

മലപ്പുറം: ആന്ധ്രയില്‍നിന്ന് മലപ്പുറത്തേയ്ക്ക് മിനിലോറിയില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ അഞ്ചുപേരെ മലപ്പുറം പോലിസ് അറസ്റ്റുചെയ്തു. ഉള്ളി കയറ്റിക്കൊണ്ടുവന്ന കെഎല്‍-10 എപി-3484 നമ്പര്‍ ലോറിയില്‍ ഒളിപ്പിച്ച നിലയിലാണ് എട്ടുചാക്കുകളിലായി കഞ്ചാവെത്തിച്ചത്. ലോറിക്ക് അകമ്പടി പോവുകയായിരുന്ന എംഎച്ച്-12 കെഎന്‍- 9226 നമ്പര്‍ ഇന്നോവ വാഹനവും പോലിസ് പിടിച്ചെടുത്തു.

പ്രതികളെല്ലാം മലപ്പുറം ജില്ലക്കാരാണ്. അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ് (25), മഞ്ചേരി തുറയ്ക്കല്‍ സ്വദേശി അക്ബര്‍ അലി (32), കോട്ടയ്ക്കല്‍ ഇന്ത്യനൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ (34), ഇരുമ്പുഴി സ്വദേശി നജീബ് (34), കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം എസ്പി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി ഹരിദാസിന്റെ നിര്‍ദേശപ്രകാരം പോലിസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ നടത്തിയ പരിശോധനയിലാണ് മലപ്പുറം ചാപ്പനങ്ങാടി സ്‌കളിന് സമീപത്തുവച്ച് കഞ്ചാവ് സംഘത്തെ പിടികൂടിയത്. മലപ്പുറം സ്റ്റേഷനിലെ എസ്‌ഐ സംഗീത് പുനത്തില്‍, എഎസ്‌ഐ മുഹമ്മദ്, സിപിഒമാരായ ജാഷിന്‍ ഹംദ്, പ്രശോഭ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

Tags: