നാദാപുരം മേഖലയില്‍ പോലിസ് റെയ്ഡ്; ബോംബുകള്‍ കണ്ടെത്തി
റൂറല്‍ എസ്പി കെ ജി സൈമണിന്റെ നിര്‍ദേശപ്രകാരം സബ് ഡിവിഷനല്‍ ഡിവൈഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വളയം സിഐ എ വി ജോണ്‍, എസ്‌ഐ ആര്‍ സി ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുറുവന്തേരി, കല്ലമ്മല്‍, അന്തിയേരി, ഒപി മുക്ക്, ചെറുമോത്ത് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
വടകര: നാദാപുരം, കുറ്റിയാടി, വളയം പരിധിയില്‍ പോലിസ് റെയ്ഡില്‍ സ്റ്റീല്‍ ബോംബും നാടന്‍ ബോംബും കണ്ടെത്തി. റൂറല്‍ എസ്പി കെ ജി സൈമണിന്റെ നിര്‍ദേശപ്രകാരം സബ് ഡിവിഷനല്‍ ഡിവൈഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വളയം സിഐ എ വി ജോണ്‍, എസ്‌ഐ ആര്‍ സി ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുറുവന്തേരി, കല്ലമ്മല്‍, അന്തിയേരി, ഒപി മുക്ക്, ചെറുമോത്ത് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കല്ലമ്മലില്‍ ആള്‍താമസമില്ലാത്ത വെള്ളിലാട്ട് പറമ്പില്‍നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്.
തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോബ്. കണ്ടെടുത്ത ബോംബിന് ഏറെ പഴക്കമുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. നാദാപുരം കല്ലാച്ചി കൊമേഷ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് എതിര്‍വശത്തെ മഠത്തില്‍മുക്ക് തോട്ടോളി താഴെ റോഡിന് സമീപത്തെ കുറ്റിപ്രം കോവിലകത്തിന് പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബ്. നാദാപുരം എസ്‌ഐ എന്‍ പ്രജീഷ്, എഎസ്‌ഐമാരായ ബാബു കക്കട്ടില്‍, ഇ കെ ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം മേഖലയില്‍ പരിശോധന നടത്തിയത്.
കല്ലാച്ചിയില്‍നിന്ന് കണ്ടെത്തിയ സ്റ്റീല്‍ ബോംബ് പുതിയതും ഉഗ്രശേഷിയുള്ളതുമാണെന്ന് ബോംബ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. കണ്ടെടുത്ത ബോംബുകള്‍ ക്വാറികളില്‍ നിര്‍വീര്യമാക്കി. പയ്യോളി ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗുകളായ ലക്കി, ടൈസണ്‍, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ എഎസ്‌ഐ രാജേഷ്, പി മൊയ്തു, എന്‍ കെ നവാസ്, ഷൈബു, ദില്‍ജിത്ത്, ലിനീഷ്, ഷൈജു, സന്തോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കുറ്റിയാടി എസ്‌ഐ വി എം ജയന്റെ നേതൃത്വത്തില്‍ അമ്പലക്കുളങ്ങര, നെട്ടൂര്‍, വട്ടക്കണ്ടിപ്പാറ, കാക്കുനി എന്നിവിടങ്ങളിലും പരിശോധന നടന്നു.
