തോക്കും വെടിയുണ്ടകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ബിജെപി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ (46), മനേഷ് കുമാര്‍ (43), രതീഷ് ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും നിലവിലെ ബോര്‍ഡംഗവുമാണ് വിജയന്‍.

Update: 2020-03-11 07:40 GMT

കോട്ടയം: ജില്ലയില്‍ പള്ളിക്കത്തോട് മുക്കാലി കദളിമറ്റത്ത് വന്‍ ആയുധശേഖരവുമായി ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ബിജെപി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ (46), മനേഷ് കുമാര്‍ (43), രതീഷ് ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും നിലവിലെ ബോര്‍ഡംഗവുമാണ് വിജയന്‍. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പള്ളിക്കത്തോട്ടിലെ വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്നായിരുന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറിനു ലഭിച്ച വിവരം. തുടര്‍ന്ന് എസ്‌ഐ അജി ഏലിയാസിന്റെയും സിവില്‍ പോലിസ് ഓഫിസര്‍ ജയകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെയാണ് തോക്ക് വെല്‍ഡ് ചെയ്യാനെത്തിയയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, പാമ്പാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പിടിയിലായവരുടെ വീടുകള്‍ റെയ്ഡ് നടത്തിയപ്പോഴാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്.

തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, ചന്ദനത്തടി, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി തുടങ്ങിയവ പോലിസ് പിടിച്ചെടുത്തു. അറസ്റ്റിലായ ബിജെപി നേതാവ് വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ പോലിസ് റെയ്ഡ് തുടരുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പോലിസ് അറിയിച്ചു. ബിജെപി നേതാവിനൊപ്പം പിടിയിലായ മറ്റ് പ്രതികളും ബിജെപി പ്രവര്‍ത്തകരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, പ്രതികളുടെ പാര്‍ട്ടി ബന്ധം അറിയില്ലെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റുചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.  

Tags:    

Similar News