ഗുണ്ടാപ്രവര്‍ത്തനം തടയാന്‍ തലസ്ഥാന നഗരത്തില്‍ പോലിസ് റെയ്ഡ്; 11 പേര്‍ പിടിയില്‍, നാടന്‍ ബോംബ് കണ്ടെടുത്തു

ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കരിമഠം കോളനിയില്‍ പോലിസിനെ ആക്രമിക്കുകയും ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളായ 9 പേര്‍ പിടിയിലായി.

Update: 2020-09-04 15:22 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നഗരത്തില്‍ പോലിസ് റെയ്ഡ് സംഘടിപ്പിച്ചു. ഗുണ്ടാ നിയമപ്രകാരം മുമ്പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയും കണ്ടെത്തുന്നതിനുമായി സിറ്റി പോലിസ് നടത്തിയ റെയ്ഡില്‍ 11 പേരെ അറസ്റ്റുചെയ്തതായും നാടന്‍ ബോംബ് കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു. ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കരിമഠം കോളനിയില്‍ പോലിസിനെ ആക്രമിക്കുകയും ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളായ 9 പേര്‍ പിടിയിലായി.

കരിമഠം കോളനി സ്വദേശികളായ അന്‍ഷാദ്(27), ദില്‍ഷാദ് (23), മനോജ് (29), അനോജ് (28), സജി (25), അക്ബര്‍ (18), നിഷാന്ത് (30), ബിജുലുദീന്‍ ( 24), സെയ്താലി (21), എന്നിവരെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റുചെയ്തത്. മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കേശവദാസപുരം മോസ്‌ക് ലെയിനില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത് സംബന്ധിച്ച കേസിലെ പ്രതികളായ രണ്ടുപേരെ പിടികൂടി. ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ് എന്ന് വിളിക്കുന്ന രതീഷ് (35) നെയാണ് പിടികൂടിയത്. ശാന്തിപുരം കല്ലിക്കോട് വീട്ടില്‍ ശബരിയെന്ന് വിളിക്കുന്ന സ്റ്റീഫനനെ (29) ഈ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ പനങ്ങ രാജേഷിന്റെ പാറോട്ടുകോണത്തെ വീട്ടില്‍നിന്നാണ് നാടന്‍ ബോംബ് കണ്ടെടുത്തത്. കഴിഞ്ഞ 29നു മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാജേഷ്. പോലിസ് എത്തുമ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. വരുംദിവസങ്ങളിലും നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. 

Tags: