വാളയാര്‍: കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പോലിസ് അവഗണിച്ചെന്ന് റിപോര്‍ട്ട്

കുട്ടിയുടെ പ്രായം, ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

Update: 2019-10-30 05:27 GMT

പാലക്കാട്: വാളയാര്‍ കേസില്‍ അന്വേഷണസംഘം ഗുരുതരമായ വീഴ്ചവരുത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പോലിസ് അവഗണിച്ചതാണ് കേസിലെ അട്ടിമറിസാധ്യത വര്‍ധിപ്പിക്കുന്നത്. ജില്ലാ പോലിസ് സര്‍ജന്‍ ഗുജ്‌റാള്‍ ആണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കുട്ടിയുടെ പ്രായം, ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുട്ടിയെ വിഷയം നല്‍കിയോ മയക്കുമരുന്ന് നല്‍കിയോ മയക്കിയ ശേഷം കെട്ടി തൂക്കിയതാവാമെന്ന സംശയത്തെ തുടര്‍ന്ന് ഫോാറന്‍സിക് സര്‍ജന്‍ കുട്ടിയുടെ രക്തപരിശോധനയും നടത്തിയിരുന്നു.

എന്നാല്‍, രക്തപരിശോധനയില്‍ വിഷത്തിന്റെയോ മയക്ക് ഗുളികളുടെയൊ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നില്ലെന്നായിരുന്നു രാസപരിശോധനാ ഫലം. ഇത് ലഭിച്ച ഉടന്‍ ഫോറന്‍സിക് സര്‍ജന്‍ അന്വേഷണസംഘത്തെ വിളിച്ചുവരുത്തി മറ്റ് കൊലപാതക സാധ്യതകള്‍ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി. എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ച് പോലിസ് കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുണ്ടായിരുന്നുവെന്ന റിപോര്‍ട്ടുണ്ടായിട്ടും മരണത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. കൂടാതെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും പോലിസ് നിരാകരിക്കുകയായിരുന്നു.

Tags:    

Similar News