കാസര്‍ഗോഡ് ജില്ലയിലെ ഒമ്പത് പോലിസ് സ്റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ

മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കേരളാ പോലിസ് ആക്ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Update: 2019-11-11 07:13 GMT

കാസര്‍ഗോഡ്: ജില്ലയിലെ ഒമ്പത് പോലിസ് സ്റ്റേഷനുകളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാബരി വിധിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിരുന്നെങ്കിലും ഇന്ന് മുതല്‍ നവമ്പര്‍ 14 വരെ ജില്ലാ പോലിസ് മേധാവിയാണ് കൂടുതല്‍ സ്റ്റേഷന്‍ പരിധികളില്‍കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കേരളാ പോലിസ് ആക്ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

14ന് രാത്രി 12 മണി വരെ ഇത് തുടരും. ജില്ലയില്‍ ബാബരി വിധിയെത്തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങളുണ്ടാവാതിരിക്കാനും സാമൂഹികവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമാണ് നിരോധനാജ്ഞയെന്ന് ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതും പൂര്‍ണമായും നിരോധിച്ചു. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണം.

ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടുവരണം. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതുശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നും ജില്ലാ പോലിസ് മേധാവിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.  

Tags: