പോലിസ് കോണ്‍സ്റ്റബിള്‍ നിയമനം: ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2024-03-07 12:35 GMT

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് യഥാസമയം നിയമനം നല്‍കാതെ ഇടതു സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. 2019 മുതല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ച് സ്വപ്നങ്ങള്‍ നെയ്ത ഉദ്യോഗാര്‍ഥികളും കുടുംബങ്ങളും ഇന്ന് കണ്ണീരിലായിരിക്കുന്നു. 530/2019 കാറ്റഗറി സിപിഒ റാങ്ക് പട്ടികയുടെ കാലാവധി ഏപ്രില്‍ 12 ന് അവസാനിക്കാനിരിക്കേ 21 ശതമാനം നിയമനം പോലും നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പ്രായപരിധി കഴിയാറായതിനാല്‍ ഈ അവസരം നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ജോലി കിട്ടാക്കനിയായി മാറും. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെയാണ് ഇവര്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. എഴുത്തു പരീക്ഷയും ഫിസിക്കലും മെഡിക്കലും വിജയകരമായി പൂര്‍ത്തിയാക്കിയ ഇവരെ അവഗണിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ഒഴിവുകള്‍ക്കനുസരിച്ചു മാത്രമേ റാങ്ക് പട്ടിക തയ്യാറാക്കുകയുള്ളൂ എന്ന് ചെയര്‍മാന്‍ പ്രസ്താവന ഇറക്കിയ ശേഷം വന്ന പട്ടികയില്‍ നാലിലൊന്നു പോലും നിയമനം നടത്താത്തത് ദുരൂഹമാണ്.

ഉദ്യാഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കിയ ശേഷം അവരെ നിരാശരാക്കുന്ന നടപടി കൊടിയ വഞ്ചനയാണ്. സിപിഒ റാങ്ക് പട്ടിക മാത്രമല്ല, പി.എസ്.സി നിയമന നടപടികളെല്ലാം പ്രഹസനമായി മാറുകയാണ്. വട്ടിപ്പലിശയ്ക്ക് കടം വാങ്ങി ധൂര്‍ത്തടിച്ച് ഖജനാവ് കാലിയാക്കുകയും നിയമന നിരോധനത്തിലൂടെ ഉദ്യോഗാര്‍ഥികളുടെ ഭാവി തുലയ്ക്കുകയുമാണ് ഇടതു സര്‍ക്കാര്‍ തുടരുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാലും ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും മൂലം നിരവധി പോലിസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. റാങ്ക് പട്ടികയുടെ കാലാവധി ആറു മാസം കൂടി ദീര്‍ഘിപ്പിക്കുകയും പരമാവധി നിയമന നടപടികള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.






Tags:    

Similar News