ഹര്‍ത്താല്‍: ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി; അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഉടനടി നീക്കം ചെയ്യും

റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലിസ് സംഘത്തെ നിയോഗിക്കും.

Update: 2019-12-16 11:14 GMT

തിരുവനന്തപുരം: ഒരു വിഭാഗം സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പോലിസ് അറിയിച്ചു. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും. ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല അതത് ജില്ലാ പോലിസ് മേധാവിമാര്‍ക്കായിരിക്കും.

റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലിസ് സംഘത്തെ നിയോഗിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റും പട്രോള്‍ സംഘവും ഇന്നു വൈകിട്ടു തന്നെ ഏര്‍പ്പെടുത്തും. പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും പോലിസ് ഉറപ്പാക്കുന്നതാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പോലിസ് സ്വീകരിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പോലിസ് ആസ്ഥാനത്തു നിന്നും അറിയിച്ചു.

Tags:    

Similar News