മോദിയുടെ സത്യപ്രതിജ്ഞ: പോലിസ് ക്യാംപിൽ ലഡുവും ഐസ്ക്രീമും കഴിച്ച് ആഘോഷം

കാസര്‍കോഡ് എആര്‍ ക്യാംപിൽ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കാവി നിറത്തിലുള്ള ലഡുവും ഐസ്‌ക്രീമും വിതരണം ചെയ്തത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് നിര്‍ദേശമായി.

Update: 2019-05-31 05:18 GMT

തിരുവനന്തപുരം: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ആഹ്ലാദം പോലിസുകാര്‍ ആഘോഷിച്ചത് കാവി നിറത്തിലുള്ള ലഡുവും ഐസ്‌ക്രീമും കഴിച്ച്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് നിര്‍ദേശമായി. കാസര്‍കോഡ് എആര്‍ ക്യാംപിൽ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കാവി നിറത്തിലുള്ള ലഡുവും ഐസ്‌ക്രീമും വിതരണം ചെയ്തത്.

സംഭവത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ട് പ്രകാരം ജില്ലാ പോലിസ് മേധാവി എആര്‍ ക്യാംപ് അസിസ്റ്റന്റ് കമാണ്ടിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ സന്തോഷത്തില്‍ ബിജെപി കാസര്‍കോട് നഗരത്തില്‍ വിതരണം ചെയ്തതും ഇതുപോലുള്ള മധുര പലഹാരമാണ്. അതിനുമുമ്പായാണ് വ്യാഴാഴ്ച ഉച്ചയോടെ ജില്ലാ പോലിസ് ആസ്ഥാനത്തെ മെസില്‍ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മധുരം വിതരണത്തിനെത്തിയത്.

മെസ് അധികൃതര്‍ ഉത്തരവാദപ്പെട്ടവരുടെ അനുമതിയില്ലാതെ വിതരണം ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയെങ്കിലും മെസിന് വെളിയില്‍ വെച്ച് മധുരം വിതരണം ചെയ്തു. പോലിസ് ക്യാംപിൽ പരസ്യമായി ബിജെപി അനുകൂല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് പോലിസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Tags: