മാധ്യമപ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനം: തിരൂര്‍ എസ്എച്ച്ഒയെ സ്ഥലം മാറ്റി; പുതിയ നിയമനം പിന്നീട്

Update: 2021-07-14 17:53 GMT

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി പി ഫര്‍ഷാദിനെ സ്ഥലംമാറ്റി. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉടന്‍തന്നെ മലപ്പുറം ജില്ലാ പോലിസ് കാര്യാലയത്തില്‍ റിപോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നല്‍കുന്നതാണെന്ന് സംസ്ഥാന പോലിസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.

മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപോര്‍ട്ടര്‍ കൂടിയായ റിയാസിന് തിരൂര്‍ പുതുപ്പള്ളി കനാല്‍പ്പാലം പള്ളിക്കുസമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. തിരൂര്‍ സിഐ ടി പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പലചരക്ക് കടയില്‍ സാധനം വാങ്ങാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് സിഐ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ ഡിജിപിക്കും ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കും പത്രപ്രവര്‍ത്തക യൂനിയനും റിയാസും പരാതി നല്‍കിയിരുന്നു. റിയാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിശോധനയും നടപടിയുമുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നാളെ ഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കെയാണ് തിരൂര്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റിക്കൊണ്ടുള്ള അറിയിപ്പുണ്ടാവുന്നത്.

Tags: