പോലിസ് നിയമഭേദഗതി: പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് ഡിജിപി

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Update: 2020-11-22 11:38 GMT

തിരുവനന്തപുരം: പോലിസ് ആക്ടില്‍ വരുത്തിയ പുതിയ നിയമഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസിജര്‍-എസ്ഒപി) തയ്യാറാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കഴിഞ്ഞദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് നിയമഭേദഗതിയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

പോലിസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. കേരള പോലിസ് നിയമത്തില്‍ 118 (എ) എന്ന പുതിയ വകുപ്പ് ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി ഗവര്‍ണറുടെ ഓഫിസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാള്‍ക്ക് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തും.

Tags: