മാധ്യമ മാരണ നിയമം: മൗലികാവകാശത്തിനുമേലുള്ള ഇടതുസര്‍ക്കാരിന്റെ കടന്നാക്രമണം- എസ് ഡിപിഐ

രാഷ്ട്രീയ അതിപ്രസരവും പക്ഷപാതിത്വവും കൊടികുത്തിവാഴുന്ന കേരളാ പോലിസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കും.

Update: 2020-11-22 14:11 GMT

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനെന്ന പേരില്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ നിയമം മൗലികാവകാശങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. പിണറായി സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും തദ്ദേശതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാനാണ് തിരക്കുപിടിച്ച് നിയമം കൊണ്ടുവന്നത്.

കേരള പോലിസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure SOP) തയ്യാറാക്കുമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവന ഈ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കുന്നു. എന്നാല്‍, അതുകൊണ്ടുമാത്രം ദുരുപയോഗം തടയാന്‍ സാധിക്കില്ല. മോദിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാഷ്ട്രീയ അതിപ്രസരവും പക്ഷപാതിത്വവും കൊടികുത്തിവാഴുന്ന കേരളാ പോലിസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കും. ഭീകരനിയമങ്ങള്‍ക്കെതിരേ സിപിഎം ദേശീയ തലത്തില്‍ പ്രസംഗിക്കുമ്പോള്‍ ഏക കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് മാധ്യമ മാരണ നിയമവും.

അഴിമതിയും സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലം ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ മീഡിയാ പ്രചാരണത്തെ ഭയക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമം പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അബ്ദുല്‍ ജബ്ബാര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News