കവയത്രി സുഗതകുമാരി അന്തരിച്ചു

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

Update: 2020-12-23 06:03 GMT

തിരുവനന്തപുരം: പ്രശസ്ത കവയത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണത്തില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടുദിവസമായി സുഗതകുമാരിയുടെ നില അതീവഗുരുതരാവസ്ഥയിലായി. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചുകഴിഞ്ഞതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്.

ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പത്തനംതിട്ട ആറന്‍മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടിയിട്ടുണ്ട്.

1960ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചു.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ലളിതാംബിക സാഹിത്യ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ അവാര്‍ഡ്, പി കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്‍കി സാഹിത്യ, സാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്നു. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്റര്‍, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. കെ വേലായുധന്‍നായര്‍. മകള്‍: ലക്ഷ്മി.

Tags: