പോക്‌സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രിം കോടതി
ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രിം കോടതി ഉപാധികളോടെ റദ്ദാക്കി. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി. ഇത്തരം നടപടി തുടര്‍ന്നുണ്ടായാല്‍ ഈ കേസ് സ്വയമേവ പുനഃസ്ഥാപിക്കപ്പെടുമെന്ന മുന്നറിയിപ്പോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കോടതി റദ്ദാക്കിയത്.
പേര് വെളിപ്പെടുത്തിയതില്‍ അതിജീവിതയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിരുപാധിക മാപ്പപേക്ഷയോടെ സൂരജ് സത്യവാങ്മൂലം നല്‍കിയതു സൂരജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കേസില്‍ സ്വാഭാവികനീതി ഉറപ്പാക്കാനാണ് കേസ് ഒഴിവാക്കുന്നതെന്നു കോടതി പറഞ്ഞു.