പ്ലസ്ടു കോഴ ആരോപണം: ഇ ഡി നിര്‍ദേശപ്രകാരം കെ എം ഷാജിയുടെ വീട് അളക്കുന്നു
എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശപ്രകാരം കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് അളക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി.
കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീട് അളക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശപ്രകാരം കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് അളക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി.
ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ എം ഷാജി ഉള്‍പ്പെടെ 30ലധികം ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കെ എം ഷാജി എംഎല്‍എ അടുത്തമാസം 10ന് ഹാജരാവണം. എംഎല്‍എ പണം വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്. കേസില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു.
പണം കൈമാറിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന പരാതിയിലാണ് കെ പി എ മജീദിന്റെ മൊഴിയെടുത്തത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റിയവരോട് അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ അറിയിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്നാരോപിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണപരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെ എം ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിട്ടുണ്ട്.
