പ്ലസ‌് വൺ പ്രവേശനം: 20 ശതമാനം സീറ്റ‌് വർധിപ്പിച്ചു

ആവശ്യത്തിന‌് വിദ്യാർഥികളില്ലാത്തതിനെ തുടർന്ന‌് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി ബാച്ചുകൾ സ‌്കൂൾ മാറ്റിനൽകുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി‌‌.

Update: 2019-05-27 14:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന‌് 20 ശതമാനം മാർജിൻ സീറ്റ‌് വർധിപ്പിച്ച‌് സർക്കാർ ഉത്തരവിറക്കി. സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‌്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാർഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ കഴിയും. അൺ എയ‌്ഡഡ‌് സ‌്കൂളുകളിൽ സീറ്റ‌് വർധനയില്ല.

നിലവിൽ ഹയർസെക്കൻഡറികളിൽ ആകെ 3,60,000 സീറ്റുകളുണ്ട‌്. 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചപ്പോൾ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും. ആദ്യ അലോട്ടുമെന്റിന്റെ ഭാഗമായി തന്നെ സീറ്റു വർധനയ‌്ക്ക‌് സർക്കാർ ശ്രമം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ‌് പെരുമാറ്റചട്ടം തടസമായി. കഴിഞ്ഞ ദിവസം നിയന്ത്രണം നീക്കിയതിന‌് പിന്നാലെ സീറ്റ‌് വർധിപ്പിച്ച‌് ഉത്തരവിട്ടത‌്. രണ്ടാം അലോട്ടുമെന്റ‌ിൽ വർധിപ്പിച്ച സീറ്റ‌് ഉൾപ്പെടുത്തില്ല. അതിനുശേഷം സ‌്കൂൾ കോമ്പിനേഷൻ ട്രാൻസ‌്ഫറിലും സപ്ലിമെന്ററികളിലും അധിക സീറ്റ‌് ഉൾപ്പെടുത്തും.

ആവശ്യത്തിന‌് വിദ്യാർഥികളില്ലാത്തതിനെ തുടർന്ന‌് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി ബാച്ചുകൾ സ‌്കൂൾ മാറ്റിനൽകുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി‌‌. ഈവർഷം കുട്ടികൾ കുറവുള്ള ബാച്ചുകൾ കണ്ടെത്തി അവ ഏതെല്ലാം സ‌്കൂളുകളിലേക്ക‌് മാറ്റി നൽകണമെന്നത് കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഹയർ സെക്കൻഡറി ജോയിന്റ‌് ഡയറക്ടർ ഡോ.പി പി പ്രകാശൻ അറിയിച്ചു. കഴിഞ്ഞവർഷം കുട്ടികൾ കൂടുതലുള്ള ജില്ലകളിലേക്ക‌് ഇത്തരത്തിൽ എട്ടു ബാച്ചുകൾ മാറ്റി നൽകിയിരുന്നു. 

Tags:    

Similar News