കെഎസ്ആര്‍ടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം; ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
നടപടി അമിതാധികാരപ്രയോഗമെന്ന് കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് ഉള്‍പ്പെടെയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരുമെന്നും നടപടി അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമര്‍ശിച്ചു. പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി പൊന്‍കുന്നം ഡിപ്പോയില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിന്റെ ആവശ്യം. ജെയ്മോന്‍ ജോസഫിനെ പൊന്‍കുന്നം ഡിപ്പോയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദീര്‍ഘദൂര ഡ്രൈവര്‍ക്ക് കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലം മാറ്റുന്നതാണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടെന്ന് കെഎസ്ആര്‍ടിസി സമ്മതിക്കുകയും ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കുകയോ മറ്റു സംഘര്‍ഷ സമാന സാഹചര്യമുണ്ടാവുകയോ ചെയ്യാത്തൊരു വിഷയത്തില്‍, വളരെ ദൂരെയുള്ള ഒരു ഡിപ്പോയിലേക്ക് ജീവനക്കാരനെ സ്ഥലംമാറ്റിയതിലും കോടതി കെഎസ്ആര്‍ടിസിയോട് ചോദ്യമുന്നയിച്ചു. ബസില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകുമെന്നും കോടതി ചോദിച്ചിരുന്നു.
