തൊഴിലാളി വിരുദ്ധ നടപടി; തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പന്നിയാര്‍, സൂര്യനെല്ലി, ലോക്കാട് എന്നീ ഓഫീസുകള്‍ക്ക് മുമ്പില്‍ സിഐടിയു, എഐടിയുസിയുടെ ഡിഇ ഡബ്ലു യൂണിയനുകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു.

Update: 2018-12-18 10:17 GMT

ഇടുക്കി: കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചും കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടും തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന 'പൊമ്പിളൈ ഒരുമൈ' സമരത്തിന് ചുവട് പിടിച്ചാണ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുന്നത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പന്നിയാര്‍, സൂര്യനെല്ലി, ലോക്കാട് എന്നീ ഓഫീസുകള്‍ക്ക് മുമ്പില്‍ സിഐടിയു, എഐടിയുസിയുടെ ഡിഇ ഡബ്ലു യൂണിയനുകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ഇന്നലെ രാവിലെ ഹാരിസന്‍ മലയാളം പ്ലാന്റേഷന്റെ ലോക്കാട് എസ്‌റ്റേറ്റ് ഓഫീസില്‍ നടന്ന സമരം സി.എ കുര്യനാണ് ഉദ്ഘാടനം ചെയ്തത്.

തൊഴിലാളികളുടെ ശമ്പള വര്‍ദ്ധന, ആശുപത്രി സേവനങ്ങള്‍, താല്‍കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തല്‍ എന്നതടക്കമുള്ള വിഷയങ്ങളില്‍ കമ്പനികള്‍ പിടിവാശി തുടരുകയാണെന്ന് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.

ഐഎന്‍ടിയുസിയുടെ തൊഴിലാളി സംഘടനയായ എസ്‌ഐപിഡബ്ലു ഇന്നലെ ഗൂഡാര്‍വിളയിലെ കണ്ണന്‍ ദേവന്റെ കമ്പനി ഓഫീസിന് മുന്നിലും സമരം നടത്തി. മാനേജരുടെ തെറ്റായ നയങ്ങള്‍ക്കെതിരേയാണ് തൊഴിലാളികള്‍ പരസ്യമായി രംഗത്തെത്തിയത്.

'പെമ്പിളൈ ഒരുമൈ' നേതാക്കളായ ഗോമതി, ലിസി, കൗസല്യ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന ' പെമ്പിളെ ഒരുമയുടെ ' ചരിത്ര സമരത്തില്‍ അവര്‍ ഉന്നയിച്ച അതേ ആവശ്യങ്ങളില്‍ ഊന്നിത്തന്നെയാണ് ഇത്തവണ യൂണിയനുകള്‍ സമരം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ സമരം സ്വന്തം വരുതിയില്‍ നിര്‍ത്തുന്നതിനുള്ള ശ്രമത്തിലാണ് യൂനിയന്‍ നേതാക്കള്‍.

ദിവസക്കൂലിയായി 232 രൂപ വേതനമുണ്ടായിരുന്നപ്പോഴായിരുന്നു തോട്ടംമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍മ്പിളൈ ഒരുമൈ, 2015 സെപ്തംബറില്‍ 500 രൂപ അടിസ്ഥാന ദിവസ കൂലിയായി പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോണസ്, ശമ്പളവര്‍ധന എന്നിവ ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് 'പെമ്പിളൈ ഒരുമൈ' ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. സമരത്തെ തുടര്‍ന്ന് 69 രൂപയുടെ വര്‍ദ്ധനവാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് ദിവസ വേതനം 301 രൂപയായി ഉയര്‍ന്നു. ഇത് 500 രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ സമരം ആരംഭിച്ചിട്ടുള്ളത്.




Tags:    

Similar News