ഐടി വകുപ്പിനോട് ചോദിക്കൂ; സ്പ്രിംഗ്ളർ വിവാദത്തിൽ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
തിരുവനന്തപുരം: കൊവിഡ് വിവരശേഖരണവുമാായി ബന്ധ്ധപ്പെട്ട സ്പ്രിംഗ്ളർ വിവാദത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ ഐടി വകുപ്പുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം ഇക്കാര്യം നിഷേധിച്ച സർക്കാർ പിന്നീട് സ്പ്രിംഗ്ളർ സൈറ്റിൽ വിവരങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ സൈറ്റിലേക്ക് നൽകിയാൽ മതിയെന്നും നിർദേശം നൽകി. ഇക്കാര്യത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'അതിനെക്കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നത് ശരിയല്ല, വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വിവരങ്ങൾ ഐടി വകുപ്പ് നൽകും.'- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പലതും മറച്ചുവെക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ- അത് അവരു പറയുമല്ലോ. അത് പറയണ്ടേ അവർക്ക്. അവർക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാമല്ലോ. എനിക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാൻ സമയമില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി.