വര്‍ഗീയതയുമായി സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ല: മുഖ്യമന്ത്രി
പുതുച്ചേരിയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പാണക്കാട് സന്ദര്‍ശനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ജമാത്തെ ഇസ്ലാമിയോട് സ്വീകരിക്കുന്ന സമീപനത്തേയും മറ്റ് മതമൗലികവാദികളോട് സ്വീകരിക്കുന്ന സമീപനത്തേയും തുടര്‍ന്നാണ് ഇത് പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയുമായി സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതുച്ചേരിയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ നേതാക്കളുടെ വിശ്വാസ്യത എത്രത്തോളമെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നും അവര്‍ക്ക് ആര്‍എസ്എസിനെ അംഗീകരിക്കാനും ബിജെപിയുടെ കൂടെ പോകാനും മടിയില്ല എന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയുമായും മതമൗലികവാദവുമായും സമരസപ്പെട്ട് പോകുന്നതിനേക്കുറിച്ചായിരിക്കും വിജയരാഘവന്‍ പറഞ്ഞിട്ടുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ മുന്നണിയിലുള്ള പാര്‍ട്ടിയെ പോയി കാണുന്നതില്‍ സാധാരണ നിലയില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.