പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി; കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ചു

Update: 2021-12-10 06:37 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ചാണ് സമരം. മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. ഇന്നലെ രാത്രിയിലാണ് 373 ജൂനിയര്‍ നോണ്‍ അക്കാദമിക്ക് റെസിഡന്റുമാരെ നിയമിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇവര്‍ക്ക് 45,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. നീറ്റ് പിജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയത്.

അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പിജി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം. സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു പുറത്താക്കല്‍. ആരോഗ്യമന്ത്രി ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം, സംസ്ഥാനത്ത് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കും. ഒന്നാം വര്‍ഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണ്.

രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍. അതിനിടെ, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പുസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.

Tags:    

Similar News