പെട്രോളിന് വില കൂടി; ഡീസലിന് കുറഞ്ഞു

Update: 2021-07-12 04:49 GMT

കൊച്ചി: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ഡീസല്‍ വില കുറഞ്ഞു. ലിറ്ററിന് 17 പൈസയാണ് ഡീസലിന് കുറഞ്ഞത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 28 പൈസ വര്‍ധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില അറിയിപ്പ് പ്രകാരമാണ് ഈ നിരക്കുകള്‍ നിലവില്‍ വന്നത്. കൊച്ചിയില്‍ പെട്രോള്‍ 101.41 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 103.17 രൂപയും ഡീസലിന് 96.30 രൂപയുമാണ് വില.

കോഴിക്കോട്ട് പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയുമാണ് ഇന്നത്തെ വില. ഡീസല്‍ വിലയില്‍ രണ്ട് മാസത്തിലേറെയായി കുറവുണ്ടായിട്ട്. മാസങ്ങള്‍ക്ക് ശേഷം ഡീസല്‍ വിലയിലുണ്ടായ ഇടിവ് മുംബൈയില്‍ ലിറ്ററിന് 97.33 രൂപയാക്കി. ഒരു ലിറ്ററിന് 97.50 രൂപയായിരുന്നു നേരത്തെ വില. രാജ്യത്തിന്റെ പകുതിയിലേറെ സ്ഥലത്തും ഇതിനകം 100 രൂപ കടന്ന പെട്രോള്‍ വില മുംബൈയില്‍ ലിറ്ററിന് 107.24 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസത്തെ വിലയായ 106.97 രൂപയില്‍ നിന്ന് 27 പൈസ വര്‍ധിച്ചു. മെയ് 29 ന് നഗരം ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മാറിയിരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില 101 രൂപ കടന്ന് 28 പൈസ വര്‍ധിച്ചു. ഡീസല്‍ വില 16 പൈസ കുറഞ്ഞു. ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 101.23 രൂപയും ഡീസലിന് ലിറ്ററിന് 89.76 രൂപയുമാണ് വില.

Tags: