വളം,കീടനാശിനി ഉപയോഗം;കൃഷിവകുപ്പിനെതിരെ സമരത്തിനൊരുങ്ങി വളം കീടനാശിനി വ്യാപാരികള്‍

കൃഷി വകപ്പ് അടുത്തയിടെ ഇറക്കിയിരിക്കുന്ന കര്‍ഷക ദ്രോഹ ഉത്തരവുകള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുവാനും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ യോഗം തീരുമാനിച്ചു. മറ്റൊരു സംസ്ഥാനത്തും നിരോധനം ഇല്ലാത്തതും എന്നാല്‍ കേരളത്തില്‍ മാത്രം നിരോധിച്ചിട്ടുള്ള 14 ഇനം കീടനാശിനികളും, നിയന്ത്രണമുള്ള 7 കീടനാശിനികളും യഥേഷ്ടം അതിര്‍ത്തികടന്നും, ഓണ്‍ലൈന്‍ വ്യാപരം വഴിയും കേരളത്തില്‍ എത്തിച്ച് കഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ തടയുന്നില്ല

Update: 2019-03-04 03:56 GMT

കൊച്ചി : വളം,കീടനാശിനി ഉപയോഗവുമായി ബന്ധപ്പെട്ട സംസ്ഥാന കൃഷി വകുപ്പു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനെതിരെ സംസ്ഥാനത്തെ വളം കീടനാശിനി വില്‍പ്പനക്കാരുടെ സംഘടനയായ ആഗ്രോ ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍(എഐഡിഎകെ). ദിനംതോറും അപ്രായോഗികമായ ഉത്തരവുകളാണ് കൃഷിവകുപ്പില്‍ നിന്നും പുറത്തുവരുന്നതെന്നും കൃഷി വകപ്പ് അടുത്തിടെ ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുവാനും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ യോഗം തീരുമാനിച്ചു.

കര്‍ഷകര്‍ എങ്ങനെയാണ് ഓരോ കീടനാശിനിയും, വളങ്ങളും ഉപയോഗിക്കേണ്ടത് എന്ന് കടളില്‍ വലിയ ഫ്ളക്സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് പുതിയ ഉത്തരവ്. കൃഷി വകുപ്പ് ചെയ്യേണ്ടകാര്യങ്ങളാണിത്. കൃഷിയിടത്തില്‍ കീട ബാധയുണ്ടായാല്‍ കര്‍ഷകന്‍ കൃഷി ഓഫീസറെ കൃഷിയിടത്തില്‍ കൊണ്ടുപോയി കീടബാധ നേരിട്ടു ബോധ്യപ്പെടുത്തി കുറുപ്പടി വാങ്ങിയാലെ കീടനാശിനി ലഭിക്കുകയുള്ളൂ. അടുക്കള തോട്ടത്തിലെ കീടങ്ങളെ തുരത്തുന്നതിനും ഇപ്പോഴത്തെ ഉത്തവുപ്രകാരം ഇതാണ് നടപടികൃമം. കര്‍ഷകര്‍, വലുതും ചെറുതുമായ തോട്ടങ്ങള്‍, കെ എസ് ഇ ബി, പി ഡള്യൂ ഡി, മൊബൈല്‍ ടവര്‍ കമ്പനികള്‍ എന്നിവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്ലൈ ഫോസ്ഫേറ്റ് എന്ന കളനാശിനിയും ഇപ്പോള്‍ നിരോധിച്ചിരിക്കുയാണ്. കൃഷി ഓഫീസറുടെ കുറുപ്പടിപ്രകാരം മാത്രമാണ് കീടനാശിനി വില്‍ക്കന്നതെന്ന് ഉറപ്പിക്കാനായി കടകളില്‍ അടിക്കടി ഉദ്യോഗസ്ഥ റെയ്ഡും. ഇത് സമൂഹമധ്യത്തില്‍ വ്യാപാരികള്‍ക്ക് അവമതിയുണ്ടാക്കുന്നതായും യോഗം വിലയിരുത്തി.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിരോധനം ഇല്ലാത്തതും എന്നാല്‍ കേരളത്തില്‍ മാത്രം നിരോധിച്ചിട്ടുള്ള 14 ഇനം കീടനാശിനികളും, നിയന്ത്രണമുള്ള 7 കീടനാശിനികളും യഥേഷ്ടം അതിര്‍ത്തികടന്നും, ഓണ്‍ലൈന്‍ വ്യാപരം വഴിയും കേരളത്തില്‍ എത്തിച്ച് കഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി കേരളത്തിന് കോടികളുടെ റവന്യു നഷ്ടം സംഭവിക്കുന്നു. സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളുടെ ഗുണമേന്‍മ പരിശോധിക്കാനൊ, നടപടി സ്ഥീകരിക്കാനൊ നടപടി സ്വീകരിക്കാതെ നിയമ പരമായ എല്ലാ വിധ ലൈസന്‍സുകളും എടുത്ത് കേരള രൂപീകരണ സമയം മുതല്‍ സ്വയം തൊഴില്‍ ചെയ്യുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടി അവസാനിപ്പിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി, വര്‍ഗീസ് തോമസ് പാലക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സി എം മത്തായി കോട്ടയം എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.   

Tags: