പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ്; കോട്ടയം കലക്ടറും എഡിഎമ്മും ക്വാറന്റൈനില്‍

കലക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കലക്ടറെയും എഡിഎമ്മിനെയും കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2020-07-23 12:37 GMT

കോട്ടയം: ജില്ലാ കലക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കലക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കലക്ടറെയും എഡിഎമ്മിനെയും കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പുറത്തുവന്ന പരിശോധനാഫലത്തിലാണ് കലക്ടറുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമായ കോട്ടയം സ്വദേശിയായ ഡഫേദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കലക്ടറും അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മനും ഉള്‍പ്പെടെ 14 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും ക്വാറന്റൈന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രോഗം ബാധിച്ച ജീവനക്കാരന്‍ ജൂലൈ 18നാണ് അവസാനം ഓഫിസിലെത്തിയത്. പനിയുണ്ടായതിനെത്തുടര്‍ന്ന് 21ന് സാംപിള്‍ പരിശോധനയ്ക്ക് വിധേയനായി. അവസാന സമ്പര്‍ക്കത്തിനുശേഷം ഏഴുദിവസം തികയുന്ന ജൂലൈ 26ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവും.

ഇന്നു മുതല്‍ കോട്ടയത്തെ ഔദ്യോഗിക വസതിയില്‍നിന്നായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അണുവിമുക്തമാക്കിയശേഷം ഓഫിസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനിടെ, കോട്ടയം നഗരമധ്യത്തിലെ മാളിലെ ജ്വല്ലറി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ചുങ്കം പുല്ലരിക്കുന്ന് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നില്ല. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News