പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു; ഒമ്പത് ഡോക്ടർമാർ ക്വാറന്റൈനിൽ

വൈദികന് ആരിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

Update: 2020-06-03 05:30 GMT

തിരുവനന്തപുരം: വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ചികിൽസിച്ച ഒമ്പത് ഡോക്ടർമാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അതേസമയം വൈദികന് ആരിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 20ന് അപകടത്തെ തുടര്‍ന്നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ ജി വര്‍ഗീസിനെ (77) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മേയ് 20 വരെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി രോഗിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടര്‍ന്നും ശ്വാസതടസം ഉണ്ടായതുകൊണ്ടും രക്ത സമ്മര്‍ദം കുറഞ്ഞതിനാലും മേയ് 31നാണ് വീണ്ടും ഫാ. കെ ജി വര്‍ഗീസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗനില മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി. തലച്ചോറിലെ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനം, ന്യൂമോണിയ, രക്തത്തിലെ അണുബാധ, വൃക്കകളുടെ തകരാര്‍ എന്നിവയും ഉണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇന്നലെ രാവിലെ 5.20ന് മരണമടയുകയായിരുന്നു. ന്യുമോണിയ സ്ഥിരീകരിച്ചതിനാല്‍ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്കായും അയച്ചിരുന്നു. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ഒന്നരമാസത്തോളം ചികിത്സ തേടിയതിനാൽ പുറത്ത് നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി ജീവനക്കാരും വൈദികന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് സന്ദർശിച്ചത്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്ന് പുറത്ത് പോകാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ നിന്ന് തന്നെയാകാം രോഗം ബാധിച്ചതെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

Tags:    

Similar News