പെരിയ ഇരട്ടക്കൊലക്കേസ്; എട്ടാം പ്രതിയുടെ ബൈക്ക് പോലിസ് സ്റ്റേഷനിൽ നിന്ന് കാണാതായി
ഫോറൻസിക് പരിശോധനയുമായി സിബിഐ മുന്നോട്ടുപോകുന്നതിനിടയിലാണ് സംഭവത്തിൽ നേരിട്ട് പങ്കാളിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സുബീഷിന്റെ ബൈക്ക് കാണാതായത്.
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ എട്ടാം പ്രതിയുടെ അറസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം പോലിസ് സ്റ്റേഷനിൽ നിന്ന് കാണാതായി. പനയാൽ വെളുത്തോളിയിലെ എ സുബീഷിന്റെ (29) കെ എൽ 60 എൽ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫോറൻസിക് പരിശോധനയുമായി സിബിഐ മുന്നോട്ടുപോകുന്നതിനിടയിലാണ് സംഭവത്തിൽ നേരിട്ട് പങ്കാളിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സുബീഷിന്റെ ബൈക്ക് കാണാതായത്.
സിഐടിയു പ്രവർത്തകനായിരുന്ന സുബീഷ് കൊലയ്ക്കുശേഷം ഷാർജയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഇയാളെ 2019 മേയ് 16-നാണ് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതിനുശേഷം കസ്റ്റഡിയിലെടുത്ത ബൈക്ക് കോടതിയിൽ ഹാജരാക്കി ബേക്കൽ സ്റ്റേഷനിലേക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ്.
കേസിലുൾപ്പെട്ട 12 വാഹനങ്ങളിൽ 11 എണ്ണം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്. ബൈക്ക് ഉണ്ടാകാനിടയുള്ള എ ആർ ക്യാംപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലിസ് കാടുവെട്ടിത്തെളിച്ച് പരിശോധന തുടങ്ങി. 2019 ഫെബ്രുവരി 17-ന് രാത്രി 7.45-ന് കല്യാട്ട് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജീപ്പിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നത്.