പെരിയ ഇരട്ടക്കൊല: കണ്ണൂര്‍ ബന്ധം അന്വേഷിക്കണമെന്ന് എസ്ഡിപിഐ

കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

Update: 2019-02-24 13:03 GMT

കോഴിക്കോട്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും കൊലപാതകത്തിനു മുമ്പ് നടന്നതായി സംഭവം തെളിയിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക പരിശീലനം നേടിയവരുടെ ബന്ധം സംബന്ധിച്ച വിവരം ആദ്യം ഉയര്‍ന്നെങ്കിലും ആ വഴിക്കുള്ള അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു. കുറ്റവാളികളെ സിപിഎം തള്ളിപ്പറയുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റമസമ്മതം നടത്തുന്നതും ചരിത്രത്തിലാദ്യമായാണ്.

കേസിലെ മുഖ്യപ്രതി പീതാംബരനെ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കുകയും പ്രതികളെ തള്ളിപ്പറയുകയും ചെയ്ത സിപിഎം കഴിഞ്ഞ ദിവസം പീതാംബരന്റെ വസതി സന്ദര്‍ശിച്ചത് പ്രതികളെ കൈവിടില്ലെന്നു ഉറപ്പുനല്‍കാനാണോയെന്ന് കോടിയേരി വിശദീകരിക്കണം. പാര്‍ട്ടി അറിയാതെ ഒന്നും ചെയ്യില്ലെന്നു പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും വെളിപ്പെടുത്തിയതോടെ പലതും വെളിച്ചത്തുവരുമെന്ന ഭയം മൂലമാണ് സിപിഎം നേതാക്കള്‍ മുഖ്യപ്രതിയുടെ വീട് സന്ദര്‍ശിച്ചതെന്നു സംശയമുണ്ട്. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags: