പെരിയ കേസ്; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

Update: 2020-11-03 10:21 GMT

ന്യൂഡൽഹി: കാസര്‍കോട് പെരിയ ഇരട്ടകൊല കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ഹരജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം, സുപ്രിംകോടതിയിലെ ഹരജിയിൽ തീര്‍പ്പുണ്ടാകുന്നതുവരെ ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ നടപടികളുമായി മുമ്പോട്ട് പോകില്ലെന്നും ശരത് ലാലിന്‍റയും കൃപേഷിന്‍റ കുടുംബം സുപ്രിംകോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നില്ലെന്നും സിബിഐ കേസില്‍ 2019 ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ പുരോഗതി റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ച്‌ സിബിഐ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദര്‍ശിച്ച്‌ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നല്‍കിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്തംബറിലും ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയിരുന്നു.