2020ലെ ആദ്യ ചന്ദ്രഗ്രഹണം: 'വുള്‍ഫ് മൂണ്‍ എക്ലിപ്‌സ്' ഇന്ന്
നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചന്ദ്ര ഗ്രഹണം രാത്രി 10.37 ന് ആരംഭിച്ച് 11ന് രാവിലെ 2.42 അവസാനിക്കും.
തിരുവനന്തപുരം: 2020ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്. ഇന്നലെ കണ്ട പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ ഇന്ന് നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലിപ്‌സ്' എന്നാണ് പറയുക. നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചന്ദ്ര ഗ്രഹണം രാത്രി 10.37 ന് ആരംഭിച്ച് 11ന് രാവിലെ 2.42 അവസാനിക്കും.
ഈ വര്‍ഷത്തില്‍ നടക്കുന്ന നാല് ചന്ദ്രഗ്രഹണത്തില്‍ ആദ്യത്തേതാണ് ഇത്. ഗ്രഹണ സമയത്ത് ചന്ദ്രനെ ചാര നിറത്തിലാണ് കാണാന്‍ കഴിയുക. ഇന്ത്യയില്‍ എവിടെ നിന്നും ചന്ദ്ര ഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കുമെന്ന് എംപി ബിര്‍ള പ്ലാനറ്റോറിയം ഡയറക്ടര്‍ ഡെബി പ്രോസാദ് ദുരൈ അറിയിച്ചു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ദുരൈ വ്യക്തമാക്കി. അതേസമയം അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല.
ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ മറക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോഴാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 30 എന്നീ തിയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26നാണ് സംഭവിക്കുക.