പീച്ചി പോലിസ് സ്റ്റേഷന്‍ മര്‍ദനം; പണം വാങ്ങി കേസ് ഒതുക്കി തീര്‍ത്തു, എസ്ഐ വാങ്ങിയത് അഞ്ചു ലക്ഷം രൂപ
തൃശൂര്‍: പീച്ചി പോലിസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പോലിസ് കേസൊതുക്കി. അഞ്ചു ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. പരാതിക്കാരന്‍ ദിനേശിന് പണം നല്‍കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലിസ് സ്റ്റേഷനില്‍വച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പ് നല്‍കുന്ന പണത്തില്‍ മൂന്ന് ലക്ഷം രൂപ പോലിസുകാര്‍ക്കുള്ളതാണെന്നാണ് എസ്‌ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടില്‍ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നല്‍കിയതിന് ശേഷമാണ് പോലിസ് സ്റ്റേഷനില്‍ നിന്ന് മാന്യമായ പെരുമാറ്റം എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് പറഞ്ഞു.
പണം നല്‍കിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളില്‍ എഫ്ഐആര്‍ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.