തിരൂര്‍: പുല്ലൂരില്‍ മയിലിനെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. തലക്കാട് പഞ്ചായത്തിലെ പുല്ലൂര്‍ മേടാപറമ്പില് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് മയിലിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സുബൈര്‍ മേടമ്മലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കരുവാരകുണ്ട് ഫോറസ്റ്റ് ഓഫിസ് അധികൃതരുമായി സ്ഥലത്തെത്തി. തൊട്ടടുത്ത് 110 കെ വി വൈദ്യുതി ലൈന്‍ കടന്നുപോവുന്നുണ്ട്.
അതിനാല്‍, വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റതാവാം മരണകാരണമെന്ന് ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. തുടര്‍ന്ന് ഫോറസ്റ്റ് ഓഫിസര്‍ വിനോദ് കൃഷ്ണന്, ബീറ്റ് ഫോറസ്റ്റ് ഓഫുസര്മാരായ ടി പി ബാബു, വൈ മുതലിബ്, കെ ഷിജിന, ഫോറസ്റ്റ് വാച്ചര്‍മാരായ സി രാമന്, അയ്യപ്പന് എന്നിവരുടെ സാന്നിധ്യത്തില്‍ വെറ്ററിനറി ഡോക്ടര്‍ പി ടി വസിം മിര്‍സാബ്, ഡോ. സുബൈര്‍ എന്നിവര്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
മയിലിന്റെ ശരീരത്തില്‍ ഷോക്കേറ്റതായുള്ള പാടുകള്‍ കണ്ടെത്തിയതായി ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. അടുത്തിടെയായി ജനവാസ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മയിലുകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. അവയെ അക്രമിക്കുകയോ ദേഹോപദ്രവം വരുത്തുകയോ ചെയ്യരുതെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോ-ഓഡിനേറ്റര്‍ കൂടിയായ ഡോ. സുബൈര്‍ മേടമ്മല്‍ വ്യക്തമാക്കി.