വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Update: 2022-05-16 02:31 GMT

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി പാലാരിവട്ടം പോലിസ് കേസെടുത്തത്.

രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പോലിസ് കേസെടുത്തത്. 153 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പി സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു.

പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിന് പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും ഹാജരാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ ഫോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

Similar News