വീണ്ടും മലക്കംമറിഞ്ഞ് പി സി ജോര്‍ജ്; കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് പുതിയ പ്രഖ്യാപനം

കോട്ടയത്തുചേര്‍ന്ന കേരള ജനപക്ഷം സംസ്ഥാന സമിതിയിലാണ് തീരുമാനം. കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് അടുത്തിടെ പി സി ജോര്‍ജ് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2019-01-10 14:32 GMT

കോട്ടയം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവന്ന പൂഞ്ഞാര്‍ എംഎല്‍എയുംകേരള ജനപക്ഷം ചെയര്‍മാനുമായ പി സി ജോര്‍ജ് വീണ്ടും മലക്കംമറിഞ്ഞു. അഖിലേന്ത്യാ തലത്തില്‍ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കഴിയുമെന്ന് ബോധ്യമുള്ള കോണ്‍ഗ്രസുമായി സഹകരിക്കാനാണ് പുതിയ തീരുമാനമെന്നാണ് ജോര്‍ജിന്റെ പുതിയ പ്രഖ്യാപനം.

കോട്ടയത്തുചേര്‍ന്ന കേരള ജനപക്ഷം സംസ്ഥാന സമിതിയിലാണ് തീരുമാനം. കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് അടുത്തിടെ പി സി ജോര്‍ജ് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ വിശ്വാസസംരക്ഷിക്കുന്ന ഏകപാര്‍ട്ടി ബിജെപി മാത്രമാണെന്നും അവരുമായി അയിത്തമില്ലെന്നും വ്യക്തമാക്കിയാണ് ജോര്‍ജ് രംഗത്തെത്തിയത്. ബിജെപിയുമായി നിയമസഭയിലടക്കം സഹകരിച്ചുപ്രവര്‍ത്തിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ജോര്‍ജിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേ കേരള ജനപക്ഷത്തില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നു. ബിജെപി കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വൈസ് പ്രസിഡന്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുന്ന സംഭവംവരെയുണ്ടായി. പല ജില്ലകളില്‍നിന്നുള്ള ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും ജോര്‍ജിന്റെ തീരുമാനത്തില്‍ അസംതൃപ്തരായിരുന്നു. പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോവാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് മുന്‍നിലപാടില്‍നിന്ന് ജോര്‍ജ് പിന്നാക്കം പോയിരിക്കുന്നത്.

മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും ഇനിയും പറയാന്‍ മടിക്കുന്ന ബിജെപി മുന്നണിയുമായി ബന്ധമില്ലെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ വാദം. വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണാധികാരി പിണറായി വിജയന്‍ ഉള്‍പെടുന്ന മുന്നണിയുമായി സഹകരിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. കേരള ജനപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒമ്പതംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പി സി ജോര്‍ജ് എംഎല്‍എ, എസ് ഭാസ്‌കരപിള്ള, ജോസ് കോലടി, എം എം സുരേന്ദ്രന്‍, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, അബ്ദുറഹ്്മാന്‍ ഹാജി, എം എസ് നിഷ, അഡ്വ.ഷൈജോ ഹസന്‍, ഉമ്മച്ചന്‍ കൂറ്റനാല്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Tags: