കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

ഇന്ന് രാവിലെ 6.20ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.

Update: 2019-06-13 02:59 GMT

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ 6.20ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും. 1936 മാര്‍ച്ച് 29ന് കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍ എ വേലായുധന്റെയും കെ ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനനം. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1961 മുതല്‍ 1968 വരെ കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപരായിരുന്നു. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിലും സേവനം അനുഷ്ടിച്ചു. 10 വര്‍ഷം മുമ്പ് അദ്ദേഹത്തെ ഒരുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും സാഹിത്യരചനകളില്‍നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക് (കവിതാസമാഹാരങ്ങള്‍), ഓര്‍മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര (ലേഖനസമാഹാരങ്ങള്‍) എന്നിവയാണ് കൃതികള്‍. ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ബണ്‍, വസുധ തുടങ്ങിയ സിനിമകളിലെ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അബൂാബി ശക്തി അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: രാധ. 

Tags:    

Similar News