തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപോര്‍ട്ട്

Update: 2026-01-08 06:04 GMT

തിരുവനന്തപുരം: ആന്‍ജിയോഗ്രാമിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ കൊല്ലം സ്വദേശി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപോര്‍ട്ട്.

സിഎച്ച്‌സി മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ വീഴ്ചയുണ്ടായതായും ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികില്‍സ നല്‍കുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. വീഴചകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടില്ല.

കൊല്ലം പത്മന സ്വദേശി വേണുവാണ് മരിച്ചത്. വേണുവിന് മതിയായ ചികില്‍സ നല്‍കിയെന്ന് അന്ന് കുടുംബം ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തി 6 ദിവസമായിട്ടും ചികില്‍സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

തന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രി ശാപം കിട്ടേണ്ട ഭൂമിയായി മാറിയെന്നുമാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.