'തുടര്‍ഭരണം വരരുതെന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്, പക്ഷേ സമുദായം ആ നിലപാട് തള്ളിക്കളഞ്ഞു' വെന്ന് എ വിജയരാഘവന്‍

എല്‍ഡിഎഫ് ഏഴിന് വീടുകളില്‍ വിജയ ദിനം ആഘോഷിക്കും

Update: 2021-05-04 11:33 GMT

തിരുവനന്തപുരം: തുടര്‍ഭരണം വരരുതെന്ന നിലപാടാണ് എന്‍എസ്എസ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. പക്ഷേ ആ സമുദായ അംഗങ്ങള്‍ തന്നെ നിലപാട് തള്ളിക്കളഞ്ഞു. എന്‍എസ്എസ് പരാമര്‍ശത്തിനെതിരേ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഏഴിന് എല്‍ഡിഎഫ് വീടുകളില്‍ വിജയദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വീടുകളില്‍ ദീപം തെളിച്ചും മധുരം പങ്കുവെച്ചുമാണ് ഇടതുമുന്നണിയുടെ വിജയം ആഘോഷിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയെ ആണ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചു വിജയിപ്പിച്ചത്. മന്ത്രി സഭ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫാണ് ചര്‍ച്ച ചെയ്യുന്നത്. ഈ മാസം 17ന് എല്‍ഡിഎഫ് ചേരും. അതിന് ശേഷം 18ന്് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും.

യുഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടം നടത്തി ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായും യുഡിഎഫ് കൂട്ടുകൂടി.

പ്രകടന പത്രികയില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇന്ത്യയില്‍ ബിജെപിയുടെ തീവ്രഹിന്ദുത്വനയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അശക്തമാണ്. ഒരു ബദല്‍ രാജ്യത്ത് ഉയര്‍ന്ന് വരേണ്ടതുണ്ട്. അതിന് ഇടതു മുന്നണിയുടെ വിജയം സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Tags: