വയനാട് സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി നടന്നിട്ടില്ലെന്ന് ടി സിദ്ദീഖ്

പ്രതിപക്ഷ നേതാവും താനുമായി നിരന്തം സംസാരിച്ചതാണ്.തനിക്ക് എല്ലാക്കാലത്തും മികച്ച പിന്തുണ നല്‍കിയ വ്യക്തിയാണ് രമേശ് ചെന്നിത്തല. ലോക് സഭാ സ്ഥാനാര്‍ഥിയായി തന്റെ പേരടക്കം അദ്ദേഹം നിര്‍ദേശിച്ചതാണ്.ഹൈക്കമാന്റിന്റെ മുന്നിലേക്ക് തന്റെ പേര് പോകുന്നത് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ മറ്റൊരു വിഭാഗീയതയും ഉണ്ടായിട്ടില്ല.

Update: 2019-03-19 07:27 GMT

കൊച്ചി: വയനാട് സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി നടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലുള്ള യാതൊന്നും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്ന ടി സിദ്ദീഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഒരു പിടിവലിയും നടന്നിട്ടില്ല.പ്രതിപക്ഷ നേതാവും താനുമായി നിരന്തരം സംസാരിച്ചതാണ്.തനിക്ക് എല്ലാക്കാലത്തും മികച്ച പിന്തുണ നല്‍കിയ വ്യക്തിയാണ് രമേശ് ചെന്നിത്തല. ലോക് സഭാ സ്ഥാനാര്‍ഥിയായി തന്റെ പേരടക്കം അദ്ദേഹം നിര്‍ദേശിച്ചതാണ്.ഹൈക്കമാന്റിന്റെ മുന്നിലേക്ക് തന്റെ പേര് പോകുന്നത് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ മറ്റൊരു വിഭാഗീയതയും ഉണ്ടായിട്ടില്ല.മാധ്യമങ്ങള്‍ സൃഷ്ടിച്ച തര്‍ക്കമാണ് ഇതെല്ലാം അല്ലാതെ കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തര്‍ക്കവുമുണ്ടായിട്ടില്ല.പല തരത്തിലുള്ള കഥകളാണ് മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്.എന്നാല്‍ ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സമ്പൂര്‍ണ പിന്തുണയോടെയാണ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്.കൂടിയാലോചനകള്‍ ആവശ്യമായ സീറ്റുകളിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്.അത് ചര്‍ച്ച ചെയ്ത് തീരുമാനിച്ചു കഴിഞ്ഞു പ്രഖ്യാപനത്തന് കാത്തിരിക്കുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

വയനാട്ടില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. രാത്രിയാത്ര ഗതാഗതനിരോധനം,സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി,ബദല്‍ പാത വികസനം, ചുരം റോഡ് വികസനം അടക്കം നിരവധി വികന പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ ഇനിയും നടപ്പാക്കേണ്ടതുണ്ട്. റെയില്‍വേ മാര്‍ഗം ഇല്ലാത്ത ജില്ല കൂടിയാണ് വയനാട്.ഇത്തരത്തില്‍ വയനാട്ടില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.ജനങ്ങളെ കൂട്ടിയോജിപ്പിച്ച് രാഷ്ട്രീയ ഭേദമെന്യേ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഏകോപിച്ച് നടപ്പിലാക്കേണ്ട രൂപ രേഖയുമായിട്ടാണ് താന്‍ വയനാട്ടിലെ ജനങ്ങളെ സമീപിക്കുന്നതെന്നും ടി സിദ്ദീഖ് പറഞ്ഞു. 

Tags: