മലപ്പുറം ഇനിയുമേറെ വികസിക്കേണ്ടതുണ്ട്: ഡോ. തസ്‌ലിം റഹ്മാനി

Update: 2021-03-24 13:12 GMT

മലപ്പുറം: മലപ്പുറവും പരിസരപ്രദേശങ്ങളും വികസനകാര്യത്തില്‍ ഏറെ പിന്നിലാണെന്നും ഇവിടെ നിന്നും ജയിച്ചുപോയ ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഏറെ അലംഭാവമാണ് കാണിച്ചെതെന്നും എസ് ഡിപിഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി. മങ്കട നിയോജകമണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി കൂട്ടിലങ്ങാടിയില്‍ പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇനിയും ഏറെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്.

പ്രവാസികളും സ്വകാര്യസ്ഥാപനങ്ങളുമുണ്ടാക്കിയ വികസനമാണ് മലപ്പുറത്ത് പ്രധാനമായും കാണുന്നത്. സര്‍ക്കാര്‍ മേഖലയിലും അര്‍ധസര്‍ക്കാര്‍ മേഖലയിലും മലപ്പുറത്ത് സ്ഥാപനങ്ങളോ സൗകര്യങ്ങളോ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ വളരെ പിന്നാക്കമാണ്. എസ്എസ്എല്‍സി പാസ്സാവുന്ന കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. മുസ്‌ലിം ലീഗാണ് ഇക്കാര്യത്തില്‍ വലിയ വീഴ്ച വരുത്തിയത്.

വിദ്യാഭ്യാസ വകുപ്പ് ഏറ്റവും കൂടുതല്‍ കാലം അവരാണ് കൈകാര്യം ചെയ്തത്. എന്നിട്ടും മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇടതുപക്ഷവും മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥയില്‍ പ്രതിസ്ഥാനത്ത് തന്നെയാണുള്ളത്. മലപ്പുറത്തിന്റെ വികസനത്തിന് എസ് ഡിപിഐയെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍ ടി ശിഹാബ് അധ്യക്ഷത വഹിച്ചു.

ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് എടക്കര, റഷീദ് മഞ്ചേരി, നൗഷാദ് മംഗലശ്ശേരി എന്നിവര്‍ സംസാരിച്ചു. മങ്കട വേരുംപിലാക്കലില്‍നിന്നാണ് പ്രചാരണം ആരംഭിച്ചത്. കടന്നമണ്ണ, കോഴിക്കോട്ട് പറമ്പ്, വെള്ളില, പൂഴിക്കുന്ന്, വള്ളിക്കാപ്പറ്റ, മങ്കട പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് കൂട്ടിലങ്ങാടിയില്‍ സമാപിച്ചത്. എസ് ഡിപിഐ മങ്കട മണ്ഡലം നേതാക്കളായ എന്‍ ടി ശിഹാബ്, കബീര്‍ മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍, സുധീര്‍, ഷംസു വടക്കുംപുറം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News