പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിന് സര്‍ക്കാരിന് തിരിച്ചടി; ബലപരിശോധന നടത്തണമെന്ന് ഹൈക്കോടതി

മൂന്നുമാസത്തിനകം പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Update: 2019-11-21 05:44 GMT

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. പൊളിക്കുന്നതിന് മുമ്പ് മേല്‍പ്പാലത്തിന് ബലപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവില്‍ പാലത്തില്‍ നടത്തിയിട്ടുള്ള അറ്റകുറ്റപ്പണിയില്‍ എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമേ പൊളിക്കലുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാവൂ എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ബലപരിശോധന നടത്തുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. 10 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. പാലാരിവട്ടം മേല്‍പ്പാലം ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കരുതെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ പി വര്‍ഗീസ് ചെറിയാന്‍ അടക്കമുള്ളവര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ചട്ടപ്രകാരം ലോഡ് ടെസ്റ്റ് നടത്തി ബലം ഉറപ്പാക്കാതെ മേല്‍പ്പാലം പൊളിച്ചുപണിയരുത്. നേരത്തേ കുഴിയടയ്ക്കലും റോഡ് ലെവലിങ്ങുമെല്ലാം നടത്തിയിരുന്നു. മേല്‍പ്പാലത്തിന് അപാകമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സിനോടു നിര്‍ദേശിക്കണം. അറ്റകുറ്റപ്പണികളുടെ ചെലവ് ഈ കമ്പനിയില്‍നിന്ന് ഈടാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.   

Tags:    

Similar News