അട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചെന്ന് എസ്‍പി

കേസിലെ പത്ത് പ്രതികളും ഇരുവരെയും മര്‍ദ്ദിച്ചു. വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു. വിനായകന്‍റെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ മൊഴി എടുക്കാൻ കഴിയു

Update: 2022-07-01 13:07 GMT

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്‍റെ പേരിൽ തന്നെയെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ഇരുവരേയും പ്രതികൾ വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നെന്ന് എസ്‍പി പറഞ്ഞു.

കേസിലെ പത്ത് പ്രതികളും ഇരുവരെയും മര്‍ദ്ദിച്ചു. വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു. വിനായകന്‍റെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ മൊഴി എടുക്കാൻ കഴിയുവെന്നും എങ്കില്‍ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും വിശ്വനാഥ് പറഞ്ഞു.

കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം.

ഇതിന് പിന്നാലെ നന്ദകിഷോറിനെയും വിനായകനെയും മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായ രണ്ടുപേരെയും പ്രതികള്‍ ആശുപത്രിയില്‍ എത്തിച്ച് മുങ്ങി. നന്ദകിഷോര്‍ മരിച്ചു. വിനായകന്‍റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് വിനായകൻ . കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു.

Similar News