പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരേ കേസെടുത്തു

Update: 2026-04-09 08:02 GMT

പാലക്കാട്: പാലക്കാട് വോട്ടിനു പണം നല്‍കിയ സംഭവത്തില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പോലിസാണ് കേസെടുത്തത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ടാലറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പമെത്തിയ ആള്‍ വയോധികയായ വോട്ടറുടെ കൈമടക്കില്‍ പണം വച്ചുനല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നും ശോഭാ സുരേന്ദ്രന്റെ പ്രതികരണം. വിശദമായ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു.

വോട്ട് ചോദിച്ച് വന്നവരോട് അയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നെന്നും പണം കൈപ്പറ്റിയെന്നും ദൃശ്യങ്ങളിലുള്ള വയോധിക പ്രതികരിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ പണം ലഭിച്ചില്ലെന്ന് തിരുത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, വിഷയത്തില്‍ ഇടപെടുകയായിരുന്നു. പിരായിരി പഞ്ചായത്തില്‍ വോട്ടേഴ്‌സിന് ബിജെപി സാരി വിതരണം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു.