പാലായില്‍ പത്രിക പിന്‍വലിക്കാനൊരുങ്ങി 'വിമതന്‍'; രണ്ടില തരില്ലെന്നുറച്ച് പി ജെ ജോസഫ്
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് കഴിഞ്ഞാലുടന്‍ പത്രിക പിന്‍വലിക്കും. ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്‌നം കിട്ടാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പത്രിക പിന്‍വലിക്കാന്‍ പി ജെ ജോസഫ് നിര്‍ദേശം നല്‍കിയത്.
കോട്ടയം: പാലായില്‍ പി ജെ ജോസഫ് കളത്തിലിറക്കിയ വിമതന്‍ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കാനൊരുങ്ങുന്നു. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് കഴിഞ്ഞാലുടന്‍ പത്രിക പിന്‍വലിക്കും. ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്‌നം കിട്ടാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പത്രിക പിന്‍വലിക്കാന്‍ പി ജെ ജോസഫ് നിര്‍ദേശം നല്‍കിയത്. ജോസ് ടോമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ജോസഫ് വിഭാഗം. അപ്രതീക്ഷിതമായി വിമതനെ രംഗത്തിറക്കിയതും ഇതിന്റെ ഭാഗമാണ്. എന്തായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ച ശേഷം വന്ന വിമതന്‍ പത്രിക പിന്‍വലിക്കുന്നതില്‍ തല്‍ക്കാലം ആശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. അതേസമയം, ചിഹ്‌നം വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോസഫ് വിഭാഗം. 'രണ്ടില' നല്‍കണമെന്നാവശ്യപ്പെട്ട് ഇ- മെയില്‍ വഴി ജോസ് കെ മാണി അയച്ച കത്തും പി ജെ ജോസഫ് തള്ളിക്കളഞ്ഞു.
രണ്ടില തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ്- ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ സൂക്ഷ്മപരിശോധന. ചിഹ്‌നം ആവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്‌നം നല്‍കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പി ജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുന്നിലുണ്ട്. അതേസമയം, കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെയും അറിയിച്ചിരിക്കുന്നത്. സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്‌നം ആവശ്യപ്പെട്ടുവെന്നും സ്റ്റീഫന്‍ ജോര്‍ജ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നിയമക്കുരുക്കിലുള്ള ചിഹ്‌നത്തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയുള്ള ചെയര്‍മാന്‍ തര്‍ക്കവും കോടതിയിലെ കേസുകളും പാര്‍ട്ടി ഭരണഘടനയും പരിഗണിച്ചാവും വരണാധികാരിയുടെ അന്തിമതീരുമാനമുണ്ടാവുക.

