പാലാ ഉപതിരഞ്ഞെടുപ്പ്: ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി രംഗത്തെത്തി. ചെന്നിത്തലയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് മണി കുറ്റപ്പെടുത്തി.

Update: 2019-09-16 05:54 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. മന്ത്രിമാര്‍ പാലായില്‍ ക്യാംപ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാനാണ് ശ്രമം നടക്കുന്നത്. എന്തൊക്കെ ചെയ്താലും പാലായിലെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി രംഗത്തെത്തി. ചെന്നിത്തലയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് മണി കുറ്റപ്പെടുത്തി. എന്ത് സര്‍ക്കാര്‍ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാന്‍ ചെന്നിത്തല തയ്യാറാവണം. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വ്യക്തതയോടെ ഉന്നയിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. 

Tags: