മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയെന്ന് തോമസ് ചാണ്ടി

കേരള കോണ്‍ഗ്രസില്‍ പിണങ്ങിനില്‍ക്കുന്ന പി ജെ ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്ക് തിരിച്ചുവരണമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

Update: 2019-09-10 12:43 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി. കേരള കോണ്‍ഗ്രസില്‍ പിണങ്ങിനില്‍ക്കുന്ന പി ജെ ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്ക് തിരിച്ചുവരണമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മന്ത്രിയാവാന്‍ തനിക്ക് യോഗ്യതയില്ലെന്നും മന്ത്രിസ്ഥാനം ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്നും നേരത്തെ മാണി സി കാപ്പന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, ഇടത് കേന്ദ്രങ്ങള്‍ മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാവുമെന്ന പ്രചാരണം പലയിടത്തും നടത്തുന്നുണ്ടെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. അതേസമയം, പാലായില്‍ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍മാസ്റ്റര്‍ വിലയിരുത്തി. എന്‍വൈസി ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കുഞ്ഞുമോന്‍, സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട്, സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് താമരക്കുളം, ട്രഷറര്‍ ഷാജിര്‍ ആലത്തിയൂര്‍ എന്നിവരും ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്നു. 

Tags: