പാലാ നാളെ ബൂത്തിലെത്തും; വോട്ടുറപ്പിക്കാന്‍ അവസാന അടവും പയറ്റി മുന്നണികള്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നാളെ. ഭരണ വിരുദ്ധ വികാരം പരമാവധി ഊതിക്കത്തിച്ച് വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് യുഡിഎഫ്. അതേ സമയം, പ്രാദേശിക പ്രശ്‌നങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

Update: 2019-09-22 04:06 GMT

കോട്ടയം:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നാളെ. ഭരണ വിരുദ്ധ വികാരം പരമാവധി ഊതിക്കത്തിച്ച് വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് യുഡിഎഫ്. അതേ സമയം, പ്രാദേശിക പ്രശ്‌നങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയും അവസാന കരുനീക്കങ്ങളിലാണ്.

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കേ പലാ കടമ്പ കടക്കാന്‍ അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും. ആദ്യം മുതലുണ്ടായിരുന്ന മുന്‍തൂക്കം നിലനിര്‍ത്താനായെന്ന വിലയിരുത്തലിലാണ് ഇടത് ക്യാംപ്. ക്വാറി വിഷയമുള്‍പ്പെടെ പ്രാദേശിക പ്രശ്‌നങ്ങള്‍ വോട്ടായി മാറുമെന്നും മൂന്നുവട്ടം തോല്‍പ്പിച്ച കാപ്പനോട് ഇക്കുറി അനുകൂല തരംഗമുണ്ടെന്നും മുന്നണി കണക്കു കൂട്ടുന്നു.

മാണി സാര്‍ എന്ന വികാരവും ഭരണവിരുദ്ധ തരംഗവും വിജയമുറപ്പിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. പിജെ ജോസഫിനെ പ്രചാരണത്തിനെത്തിച്ച് ഒരുമയുടെ പ്രതീതി സൃഷ്ടിക്കാനായതും അവസാന മണിക്കൂറുകളില്‍ ശബരിമലയും കിഫ്ബിയുമിറക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതും കാറ്റ് വലത്തോട്ട് വീശുമെന്ന പ്രതീക്ഷയേറ്റുന്നു.

പിസി ജോര്‍ജിന്റേയും പി സി തോമസിന്റേയും പിന്തുണയോടെ കഴിഞ്ഞ തവണ നേടിയ 25,000 വോട്ടുകള്‍ ഇക്കുറി വര്‍ധിപ്പിക്കാന്‍ അവസാന അടവും പയറ്റുകയാണ് എന്‍ഡിഎ.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്ന മജു പുത്തന്‍ കണ്ടം പിടിക്കുന്ന വോട്ടുകള്‍ മുന്നണികള്‍ക്ക് തലവേദനയാകും. 13 സ്ഥാനാര്‍ഥികളാണ് അങ്കത്തട്ടില്‍. 

Tags:    

Similar News