മികച്ച വിളവ് നേടി നെല്‍കര്‍ഷകര്‍ ;സംഭരണ നടപടികള്‍ ഊര്‍ജിതമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

മണ്ണിന്റെ ഘടനയില്‍ പ്രളയാനന്തരം വന്ന മാറ്റം അനുകൂലമെന്ന് കര്‍ഷകര്‍.കഴിഞ്ഞവര്‍ഷം ഒരു സെന്റില്‍ 14 കിലോ വീതം നെല്ല് സംഭരിച്ചിടത്ത് ഈ വര്‍ഷം സെന്റിന് 25 കിലോ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. കിലോയ്ക്ക് 25.50 രൂപ വീതമാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്.ഇതിനായി കര്‍ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളില്‍ നെല്ല് എത്തിക്കണം

Update: 2019-05-08 10:40 GMT

കൊച്ചി: അനുകൂല കാലാവസ്ഥയില്‍ മികച്ച വിളവ് നേടി നെല്‍കര്‍ഷകര്‍. റെക്കോര്‍ഡ് വിളവ് ലഭിച്ച സാഹചര്യത്തില്‍ നെല്ല് സംഭരണ നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഊര്‍ജിതമാക്കി. കഴിഞ്ഞവര്‍ഷം ഒരു സെന്റില്‍ 14 കിലോ വീതം നെല്ല് സംഭരിച്ചിടത്ത് ഈ വര്‍ഷം സെന്റിന് 25 കിലോ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. കിലോയ്ക്ക് 25.50 രൂപ വീതമാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്.ഇതിനായി കര്‍ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളില്‍ നെല്ല് എത്തിക്കണം. മില്ലുകളുടെ വിവരം ബന്ധപ്പെട്ട കൃഷി ഓഫീസുകള്‍ മുഖേന അറിയാന്‍ സാധിക്കും. മില്ലുകളില്‍ നെല്ല് നേരിട്ടെത്തിക്കുന്ന കര്‍ഷകര്‍ക്ക് കിലോയ്ക്ക് ഒരു രൂപ വീതം വണ്ടിക്കൂലി അനുവദിക്കും.പ്രളയത്തിന് ശേഷം നെല്‍കൃഷിയെ കരുതലോടെയാണ് കൃഷിവകുപ്പും കര്‍ഷകരും സമീപിച്ചത്. പ്രളയാനന്തരം മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റം അനുകൂലമായാണ് നെല്‍കര്‍ഷകര്‍ കാണുന്നത്. പ്രളയത്തില്‍ അടിഞ്ഞ എക്കല്‍ മികച്ച വിളവിന് സഹായകമായി. പ്രളയാനന്തരം കാര്‍ഷിക രംഗത്ത് വലിയ ജാഗ്രത പുലര്‍ത്തിയിരുന്നു. വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. പാടശേഖരങ്ങളിലെ മണ്ണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വകുപ്പ് നടത്തിയ മുന്‍കരുതലുകളും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ഷകര്‍ക്ക് ഗുണകരമായി.

എറണാകുളം എടയ്ക്കാട്ടുവയല്‍ കൃഷിഭവനില്‍ മാത്രം 453 നെല്‍ കര്‍ഷകരാണ് വിവിധ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിച്ചത്. കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് ഹെക്ടര്‍ ഒന്നിന് 22000 രൂപ വരെ വിവിധ ആനുകൂല്യങ്ങളിലായി നല്‍കുന്നുണ്ട്. തരിശ് ഭൂമിയിലെ നെല്‍ കൃഷിക്കായി ഹെക്ടറിന് 30000 രൂപ ധന സഹായം അനുവദിക്കുന്നുണ്ട്. കൃഷിക്കാവശ്യമായ കക്ക 75 ശതമാനം സബ്സിഡിയില്‍ സഹകരണ സംഘങ്ങള്‍ മുഖേന ലഭ്യമാക്കുന്നു. കൃഷി ഓഫീസുകള്‍ക്ക് കീഴിലെ കാര്‍ഷിക കര്‍മ്മ സേനകളുടെ പ്രവര്‍ത്തനവും കൃഷി വ്യാപനത്തിന് സഹായകമായി. കര്‍മ്മ സേനകളുടെ വിവിധ കൃഷിയന്ത്രങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു. വിവിധ പാടശേഖര സമിതികളുടെ പ്രവര്‍ത്തനം കൃഷി വ്യാപനത്തിന് ആക്കം കൂട്ടി.

Tags:    

Similar News