13-ാംനമ്പർ ഔദ്യോഗിക വാഹനം ഏറ്റെടുക്കാൻ തയ്യാറായത് മന്ത്രി പി പ്രസാദ്
അന്ധവിശ്വാസം കാരണം നമ്പർ 13 ഔദ്യോഗിക വാഹനത്തിന് സ്വീകരിക്കുന്നതിൽ മന്ത്രിമാർ അത്ര തത്പരരല്ല. പ്രത്യേകിച്ചും യുഡിഎഫ് സർക്കാരുകളുടെ കാലത്ത്.
തിരുവനന്തപുരം: തോമസ് ഐസക്കിന്റെ പിൻഗാമിയായി 13-ാംനമ്പർ ഔദ്യോഗിക വാഹനം ഇത്തവണ ഏറ്റെടുക്കാൻ തയ്യാറായത് മന്ത്രി പി പ്രസാദ്. അശുഭ സംഖ്യയാണെന്ന അന്ധവിശ്വാസം കാരണം നമ്പർ 13 ഔദ്യോഗിക വാഹനത്തിന് സ്വീകരിക്കുന്നതിൽ മന്ത്രിമാർ അത്ര തത്പരരല്ല. പ്രത്യേകിച്ചും യുഡിഎഫ് സർക്കാരുകളുടെ കാലത്ത്.
വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എംഎ ബേബിയാണ് 13-ാം നമ്പർ സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചത്. അതിനുശേഷം യുഡിഎഫ് സർക്കാരിന്റെകാലത്ത് ആർക്കും വേണ്ടാത്തതിനാൽ ഈ നമ്പർ തന്നെ വേണ്ടെന്നുവെച്ചു. പിണറായി വിജയന്റെ ആദ്യ സർക്കാരിൽ 13-ാം നമ്പർ വാഹനം സ്വീകരിക്കാൻ ചില മന്ത്രിമാർ വിമുഖത കാട്ടിയത് വാർത്തയായപ്പോൾ മന്ത്രി തോമസ് ഐസക് അത് ഏറ്റെടുക്കാൻ തയ്യാറായി. ഇത്തവണ ധനമന്ത്രി കെഎൻ ബാലഗോപാലിന് പത്താംനമ്പർ വാഹനമാണ്. ഇത്തവണ സത്യപ്രതിജ്ഞാ ദിവസം മന്ത്രി ജിആർ അനിലിനാണ് 13-ാം നമ്പർ അനുവദിച്ചിരുന്നത്.
മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പർ
മുഖ്യമന്ത്രി പിണറായി വിജയൻ- ഒന്ന്. കെ.രാജൻ -രണ്ട്. റോഷി അഗസ്റ്റിൻ -മൂന്ന്. കെ കൃഷ്ണൻകുട്ടി-നാല്. എ.കെ. ശശീന്ദ്രൻ -അഞ്ച്. അഹമ്മദ് ദേവർകോവിൽ -ആറ്. ആന്റണി രാജു -ഏഴ്. സജി ചെറിയാൻ -എട്ട്. എംവി ഗോവിന്ദൻ മാസ്റ്റർ -ഒമ്പത്. കെഎൻ ബാലഗോപാൽ -10. പി രാജീവ് -11. വിഎൻ വാസവൻ -12. പി പ്രസാദ് -13. ജെ ചിഞ്ചുറാണി -14. കെ രാധാകൃഷ്ണൻ -15. വി ശിവൻകുട്ടി -16. പിഎ മുഹമ്മദ് റിയാസ് -17. ആർ ബിന്ദു -18. ജിആർ അനിൽ -19. വീണാജോർജ് -20. വി അബ്ദുറഹ്മാൻ -21.