വരുന്നു സര്‍ക്കാരിന്റെ പ്രവാസി നിക്ഷേപ കമ്പനി

ഉടന്‍തന്നെ നിലവില്‍ വരുന്ന കമ്പനിയിലൂടെ എന്‍ആര്‍ഐ ടൗണ്‍ഷിപ്പുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനാകും ഊന്നല്‍. 2018 ജനുവരിയില്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച ലോക കേരളസഭയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരണം.

Update: 2019-07-30 06:42 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി നിക്ഷേപ കമ്പനി ഉടന്‍ തന്നെ നിലവില്‍ വരും. കമ്പനിക്കായി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്ന പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അനുവദിച്ചു. എന്നാല്‍ സര്‍ക്കാര്‍ നേരത്തേ മുന്നോട്ട് വച്ച മൂന്ന് പേരുകള്‍ രജിസ്ട്രാര്‍ തള്ളിയിരുന്നു. എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് കമ്പനി, പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്, കേരളാ പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് എന്നീ പേരുകളാണ് നിരാകരിക്കപ്പെട്ടത്. പ്രവാസി, എന്‍ആര്‍കെ എന്നിവ രജിസ്റ്റേഡ് ട്രേഡ് മാര്‍ക്കുകളായതിനാലാണ് ഈ വാക്കുകളില്‍ തുടങ്ങുന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാനാകാത്തത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(സിയാല്‍) മാതൃകയിലുള്ള കമ്പനി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് പദ്ധതികളില്‍ മുടക്കാനാണ് ഉദ്ദേശിക്കുന്നത്. 74:26 എന്ന അനുപാതത്തിലാകും പ്രവാസികളും സര്‍ക്കാരും പദ്ധതിയില്‍ പണം മുടക്കുക.

ഉടന്‍തന്നെ നിലവില്‍ വരുന്ന കമ്പനിയിലൂടെ എന്‍ആര്‍ഐ ടൗണ്‍ഷിപ്പുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനാകും ഊന്നല്‍. 2018 ജനുവരിയില്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച ലോക കേരളസഭയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരണം. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമ്പനിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

പ്രവാസികളെ കമ്പനിയുടെ ഓഹരി പങ്കാളികളാക്കുന്നതോടെ വന്‍തോതിലുള്ള നിക്ഷേപം ഉല്‍പ്പാദനപരമായി വിനിയോഗിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ്(സിഡിഎസ്) 2018ല്‍ നടത്തിയ സര്‍വേയില്‍ പ്രവാസി നിക്ഷേപം 2010 ല്‍ 36,886 കോടിയായിരുന്നുവെങ്കില്‍ 2017 ല്‍ 1,52,349 കോടിയായി കുതിച്ചുയര്‍ന്നതായി കണ്ടെത്തിയിരുന്നു. പ്രവാസി വ്യവസായികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമേകാനും കമ്പനി രൂപീകരണത്തിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

Tags: